Thursday, May 19, 2011

Love is God

It is said Love is God. Selfless love towards all beings human and subhuman should be cultivated. In other words, one should not think, speak or do anything that will harm any creation of the Lord. Harm done to anyone is harm done to God. Very often we fail to comprehend what another person's needs or sufferings feel like. We should always try to look at things with an impersonal perspective. In other words, one should cultivate the habit of considering all as one's own people and treating all as oneself everywhere. Our scriptures also advocate compassion and due respect and regard not only towards persons placed not so fortunately as ourselves, but to others as also all animals, birds and lower species. Helping others, charity, always speaking with a smiling face, humility, feeling very small and powerless, and equality of vision are the hallmarks of compassion. An attempt should be made to be compassionate with our less fortunate brethren and to help them to the extent possible. Lord Krishna declares that the enlightened souls treat a brahminendowed with scholarship and modesty as well as a cow, an elephant, a dog and also the one who eats the dog's meat as similar and do not distinguish among them.

Saturday, January 29, 2011

മനസ്സും മനസ്സാക്ഷിയായ ഈശ്വരനും

മനസ്സും മനസ്സാക്ഷിയായ ഈശ്വരനും


മനസ്സ്, ബുദ്ധി തുടങ്ങിയ വിഷയങ്ങള്‍ പണ്ടുമുതല്‍ക്കുതന്നെ വളരെയേറെ പഠനവിധേയമാക്കപ്പെട്ടതാണല്ലോ. “ഏറ്റവും അവസാനത്തെ ഉത്തരം” എന്ന് കരുതാന്‍ യോഗ്യമായ ഒരു നിര്‍വചനം ഇതുവരെയും ഉള്ളതായി കരുതുന്നില്ല. അതിനാല്‍ മനസ്സിനെയും ബുദ്ധിയെയും ആധുനികശാസ്ത്രവുമായി ബന്ധപ്പെടുത്തി ഒരു ചര്‍ച്ചയ്ക്ക് മുതിരുന്നില്ല; അതല്ല ഈ ലേഖനത്തിന്റെ വിഷയവും എന്ന് തുടക്കത്തില്‍ തന്നെ എഴുതട്ടെ.

സംഭാഷണങ്ങളിലും പഠനവേളകളിലും നാം കൂടുതലായി ഉപയോഗിക്കാറുള്ള പദങ്ങളാണ് “മനസ്സിലായോ?”, “മനസ്സിലായി”, “മനസ്സിലായില്ല” തുടങ്ങിയവ. “മനസ്സിലായോ?” എന്നതിന് പകരം “ബുദ്ധിയിലായോ?” എന്നാരും ചോദിക്കാറില്ല. ഇപ്പോള്‍ പറഞ്ഞത് ‘മനസ്സിലായല്ലോ’? :-)

ജീവിതത്തിലെ ഓരോരോ വസ്തുതയും നാം കേട്ടും വായിച്ചും ചിന്തിച്ചും മനസ്സിലാക്കുന്നു. ഒന്നാലോചിച്ചാല്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നടക്കുന്നത് മനസ്സിലൂടെയാണ്. വിശ്വാസം, ഭക്തി, യുക്തിചിന്ത, നിരീശ്വരവാദം, കാമക്രോധവികാരങ്ങള്‍ തുടങ്ങി എല്ലാറ്റിനും ഹേതുവായിരിക്കുന്നത് നമ്മുടെ മനസ്സാണ്. മറ്റൊരാളുടെ കൊട്ടാരസദൃശ്യമായ വീട് കാണുമ്പോള്‍, “അതുപോലെ ഒരു വീട് എനിക്കും വേണം” എന്ന് തോന്നുന്നതും മനസ്സിനാണ്‌. കുത്തുവാക്ക് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നതും മനസ്സിനാണ്‌.

എന്താണ് മനസ്സ് എന്ന് ശാസ്ത്രീയമായി ചിന്തിക്കുമ്പോള്‍, മിക്കവാറും കണ്‍ഫ്യൂഷന്‍ ആവും. അങ്ങനെ ഏത് വസ്തുവിനാണ് കണ്‍ഫ്യൂഷന്‍ ഉണ്ടാകുന്നത്, തല്‍ക്കാലം ആ വസ്തുവിനെ നമുക്ക് മനസ്സ് എന്ന് വിളിക്കാം.

നാം കാഴ്ചകള്‍ കാണുന്നത് കണ്ണ് എന്ന ഇന്ദ്രിയത്തിലൂടെയാണ്. ബാഹ്യമായ ഒരു വസ്തുവില്‍ നിന്നും വരുന്ന പ്രകാശം കൃഷ്ണമണിയിലൂടെ റെറ്റിനയില്‍ പതിച്ചു, ആ സിഗ്നലുകള്‍ തലച്ചോറിലെത്തി, ആ വസ്തുവിനെക്കുറിച്ച് നമുക്ക് ഒരു രൂപവും നാമവും അറിവും ഒക്കെ ഉണ്ടാകുന്നു എന്ന് ശാസ്ത്രം പറയുന്നു. ഈ പ്രവര്‍ത്തനത്തില്‍ ഏതാണ് ബുദ്ധി, ഏതാണ് മനസ്സ്, ഏതാണ് ബോധം എന്നൊന്നും വ്യക്തമായി പറയാനാവുമെന്ന് തോന്നുന്നില്ല.

ദിവാസ്വപ്നം കാണുമ്പോഴും നമ്മുടെ കണ്ണ് ഇതേ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷെ, കണ്ണ് തുറന്നാണിരിക്കുന്നതെങ്കിലും നാം ആ വസ്തുവിനെ കാണുന്നതായി “അറിയുന്നില്ല”. അതായത്, ആ വസ്തു അവിടെത്തന്നെയുണ്ട്, എങ്കിലും അത് നമ്മുടെ ബോധത്തില്‍ വരുന്നില്ല എന്നുപറയാം.

നാം വളരെ ശ്രദ്ധയോടെ ചില പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍, വളരെ അടുത്തുനിന്നും പുറപ്പെടുവിക്കുന്ന ശബ്ദംപോലും നാം അറിയാറില്ല. കേള്‍വിയുടെ ഇന്ദ്രിയം ചെവിയാണെങ്കിലും, ചെവി അടഞ്ഞു പോയിട്ടല്ല നാം കേള്‍ക്കാത്തത്. മനസ്സ് ഒരു പ്രവര്‍ത്തിയില്‍ വ്യാപരിക്കുമ്പോള്‍ ചെവിയുടെ പ്രവര്‍ത്തനങ്ങളെ സംവേദിച്ചറിയാന്‍ കഴിയുന്നില്ല എന്നുപറയാം.

വളരെ താല്‍പ്പര്യമുള്ള ഒരു പ്രവൃത്തിയില്‍ ശ്രദ്ധയോടെ വ്യാപൃതമായിരിക്കുമ്പോള്‍, നാം വിശപ്പും ദാഹവും അറിയാറില്ല. അതിനിടയില്‍ പ്രവൃത്തിയില്‍ നിന്നും ശ്രദ്ധ കുറച്ചെങ്കിലും വ്യതിചലിക്കുമ്പോള്‍ നാം ‘വിശക്കുന്നു’ എന്നറിയുന്നു.

കണ്ണ് തുറന്നിരുന്നാലും കാണാത്തതെന്തുകൊണ്ട്? ചെവി തുറന്നിരുന്നാലും കേള്‍ക്കാത്തതെന്തുകൊണ്ട്? വിശപ്പറിയാത്തതെന്തുകൊണ്ട്?

അതായത്, നമ്മുടെ മനസ്സ് ഏതെങ്കിലും ഒരു വിഷയത്തില്‍ പൂര്‍ണ്ണമായി കേന്ദ്രീകരിക്കുമ്പോള്‍ നമ്മുടെ മറ്റു ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം നാം അറിയാറില്ല. കാണാനും കേള്‍ക്കാനും അറിയാനും ഒക്കെ മനസ്സ് വേണം. നമ്മുടെ എല്ലാ ചിന്തകളും ഗ്രഹിക്കലും മറ്റും നടക്കുന്നത് മനസ്സ് മുഖേനയാണ്.

നാം ഗാഢമായി ഉറങ്ങുമ്പോള്‍ മറ്റൊന്നും അറിയുന്നില്ല, കാണുന്നില്ല, കേള്‍ക്കുന്നില്ല, ആഗ്രഹിക്കുന്നില്ല, കാമക്രോധാദികളുമില്ല. അതായത്, ഗാഢനിദ്രയില്‍ നമ്മുടെ മനസ്സ് പ്രവര്‍ത്തിക്കുന്നില്ല എന്നുപറയാം. ഉറക്കം എഴുന്നേറ്റു കഴിഞ്ഞിട്ട് നാം പറയുന്നു “ഉറക്കം സുഖമായിരുന്നു” എന്ന്. മനസ്സ് ഉറങ്ങിയിട്ടും നാം സുഖമായിരുന്നത് എങ്ങനെ? ആരാണ് സുഖമായി ഇരുന്നത്? മനസ്സാണോ? അല്ല. കാരണം മനസ്സുറങ്ങിയിട്ടും ഞാന്‍ ഉണ്ടായിരുന്നു. ആ “ഞാന്‍” ആണ് അറിയുന്നത് സുഖമായി ഉറങ്ങി എന്ന്. ആരാണീ സുഖമായുറങ്ങിയ “ഞാന്‍”?

ഞാന്‍ ഉണ്ട് എന്ന അഖണ്ഡമായ ബോധം അഥവാ പ്രജ്ഞ എന്ന് ഭാരതീയ തത്ത്വചിന്തകര്‍ ഇതിനെ പറയുന്നു. ആ ബോധത്തെയാണ് ബ്രഹ്മം എന്നും ശിവം എന്നും ഈശ്വരന്‍ എന്നും അറിയപ്പെടുന്നത്. അതാണ്‌ അവനവന്റെ ഉള്ളിലിരിക്കുന്ന ഉണ്മ അഥവാ പരമസത്യം അഥവാ പൊരുള്‍.

ആ ഉണ്മയില്‍ മനസ്സു മുഖാന്തിരം പലതരം രൂപങ്ങളും നാമങ്ങളും ചിന്തകളും സങ്കല്‍പ്പങ്ങളും ഒക്കെ ആരോപിക്കപ്പെടുമ്പോള്‍ നാം കാണുന്ന, “ജീവിക്കുന്ന” ഈ ലോകമായി. അതിനെയാണ് “മായ” എന്ന് പറയപ്പെടുന്നത്‌. കാരണം മനസ്സിലൂടെയാണല്ലോ ഈ ലോകം നമുക്ക് അനുഭവപ്പെടുന്നത്. അതായത്, മനസ്സാണ് ഈ മായാലോകം നമുക്കുവേണ്ടി സൃഷ്ടിക്കുന്നത്. മനസ്സാണ് മായ. മായയാണ് മനസ്സ്. മറ്റൊരു മായാലോകം ഇല്ല.

അഖണ്ഡബോധം അഥവാ പരിശുദ്ധമായ ഉണ്മ ആധാരമാക്കിയാണ് മനസ്സ് അഥവാ മായ പ്രവര്‍ത്തിക്കുന്നത് എന്നുവരുന്നു. മനസ്സ് കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് മനസ്സിന് ആധാരമായ പ്രജ്ഞയെയാണ്. അങ്ങനെ അഖണ്ഡബോധം സര്‍വ്വാധാരമാകുന്നു.

അമ്മ, അച്ഛന്‍, സഹോദരി, സഹോദരന്‍, ഭാര്യ, ഭര്‍ത്താവ്, മകള്‍, മകന്‍, നമുക്ക് അറിയപ്പെടുന്ന ഈ പ്രപഞ്ചം, എന്നിങ്ങനെയുള്ള ‘സങ്കല്പങ്ങള്‍’ എല്ലാം തന്നെ നമ്മുടെ മനസ്സിലാനല്ലോ ഉണ്ടാവുന്നത്. ഗാഢനിദ്രയില്‍ ഇവരാരുംതന്നെ ഉള്ളതായി നാം അറിയുന്നില്ലല്ലോ. അതായത്, ഇവരൊക്കെയുണ്ട് എന്നത് നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണ്, അതിനാലാണ് ഈ ബന്ധങ്ങളൊക്കെ വെറും മായയാണ് എന്നൊക്കെ നാം പറഞ്ഞു കേട്ടിട്ടുള്ളത്.

ജീവിത പ്രാരാബ്ധങ്ങളില്‍ പെട്ടുഴലുന്ന നാമെല്ലാം ഉറങ്ങാന്‍ കിടക്കുമ്പോള്‍പ്പോലും പലതരം ചിന്തകള്‍ നമ്മെ അലട്ടിക്കൊണ്ടിരിക്കും. ഉറങ്ങുമ്പോഴോ, ഓരോരോ സ്വപ്‌നങ്ങള്‍ നമ്മെ കീഴടക്കുന്നു. ഗാഢനിദ്ര ലഭിക്കുന്നത്‌ അപൂര്‍വമായിട്ടാണ്. ഒരു ക്ഷേത്രത്തിലോ അതുമായി ബന്ധപ്പെട്ട മറ്റു ചടങ്ങുകളിലോ മറ്റോ പങ്കെടുത്ത്, മറ്റുള്ളവര്‍ക്ക് അന്നദാനവും മറ്റും നടത്തി, എല്ലാവരെയും സന്തോഷത്തോടെ മടക്കിയയച്ച്, രാത്രി ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ ‘സുഖമായ ഉറക്കം’ ലഭിക്കാറുണ്ട്, അല്ലേ?

അതുപോലെ, മറ്റുള്ള മനുഷ്യര്‍ക്ക്‌ സഹായസഹകരണങ്ങള്‍ പ്രദാനം ചെയ്തു കഴിയുമ്പോള്‍ ശാന്തി അനുഭവപ്പെടാറുണ്ട്. നമുക്ക് ഒരു ലോട്ടറിയടിച്ചാല്‍ വര്‍ദ്ധിച്ച സന്തോഷം അനുഭവപ്പെടും, പക്ഷെ അതിനെ ശാന്തി എന്നു പറയാന്‍ കഴിയില്ല. സന്തോഷം അനുഭവപ്പെടുന്നത് മനസ്സിനും, ശാന്തി അനുഭവപ്പെടുന്നത് മനസ്സിനപ്പുറം നമ്മുടെ ബോധത്തിലുമാണ് എന്നു കരുതാം. അതായത്, ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ശാന്തി ലഭിക്കുന്നു.

ജാഗ്രത് (ഉണര്‍ന്നിരിക്കുന്ന അവസ്ഥ), സ്വപ്നം, സുഷുപ്തി (ഉറങ്ങുന്ന അവസ്ഥ) എന്നിങ്ങനെ മൂന്നു അവസ്ഥകള്‍ (അവസ്ഥാത്രയങ്ങള്‍) ഉണ്ട്.

ജാഗ്രത് അവസ്ഥയില്‍ മനസ്സ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. സ്വപ്നാവസ്ഥയിലും മനസ്സു ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്. സുഷുപ്തി അഥവാ ഗാഢനിദ്രയില്‍ മനസ്സ് പ്രവര്‍ത്തിക്കുന്നില്ല, അതിനാല്‍ നമുക്ക് ശാന്തി അനുഭവപ്പെടുന്നു. സുഷുപ്തിയില്‍ അനുഭവിക്കുന്ന ശാന്തി ജാഗ്രത് അവസ്ഥയിലും എല്ലായ്പ്പോഴും അനുഭവിക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെ മോക്ഷം അഥവാ ജീവന്‍മുക്തി. ഈ അവസ്ഥയില്‍ നാം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും മനസ്സ് ഈശ്വരനില്‍ ലയിച്ച്, ശാന്തി ലഭിക്കുന്നു. ഇത്തരമൊരു അവസ്ഥ സംജാതമാക്കാനുള്ള ഈശ്വരാര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് “ആത്മവിദ്യ” എന്നു പറയപ്പെടുന്നത്‌. ഞാന്‍ എന്ന അഖന്ധബോധം ആണ് ഉണ്മയായ സന്മയായ ഈശ്വരന്‍ എന്ന ഉറച്ച അറിവാണ്‌ ഈശ്വരാര്‍പ്പണം അഥവാ ഭക്തി.

തത്ത്വം (തത് + ത്വം) മനസ്സിലാക്കിയിട്ട്, ക്ഷേത്രങ്ങളിലും മറ്റും പ്രാര്‍ത്ഥിക്കുക. അപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് തന്നിലെ ഈശ്വരചൈതന്യത്തോട്‌ തന്നെയാണ് എന്ന് അറിഞ്ഞു പ്രാര്‍ത്ഥിക്കാന്‍ കഴിയും.

പലരും ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും പോയി നമ്മുടെ പല ആവശ്യങ്ങളും നിരത്താറുണ്ട്‌, പരാതി പറയാറുണ്ട്‌, അപേക്ഷിക്കാറുണ്ട്, യാചിക്കാറുണ്ട്. അല്ലേ?

താങ്കള്‍ തികഞ്ഞ ഒരു ഈശ്വരവിശ്വാസിയാണെങ്കില്‍ ഈശ്വരനോട് യാചിക്കരുത്. വിഗ്രഹത്തില്‍ ആരോപിക്കപ്പെട്ട ബ്രഹ്മവും ഞാനും ഒന്നാണെന്നും ആ അഖണ്ഡബോധത്തെയാണ് വണങ്ങുന്നതെന്നും ചിന്തിച്ചുറയ്ക്കണം. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആധാരമായ ഈശ്വരനോട് അതിനാല്‍ നിങ്ങള്‍ ഓരോന്ന് ആവശ്യപ്പെടുന്നതുപോലും ഈശ്വരനിന്ദയാണ്, ഈശ്വരാവഹേളനമാണ്.! മനസ്സിനെ നിയന്ത്രിച്ചു ശാന്തിയായി ഇരിക്കുക എന്നതാണ് ഈശ്വരനില്‍ ലയിക്കുക എന്നതത്രേ.

അല്ലാതെ നമ്മുടെ മനസ്സിന്റെ ഇഷ്ടാനുസരണം എല്ലാ ആഗ്രഹവും നിവൃത്തിച്ചു തരുന്ന ഒരു വസ്തുവല്ല ഈശ്വരന്‍. എന്നും ഈശ്വര ഭക്തനായി ശാന്തി അനുഭവിക്കാനുള്ള അവസ്ഥ എന്നുമുണ്ടാകേണമേ എന്നു പ്രാര്‍ത്ഥിക്കാം.

ഒന്നാലോചിച്ചാല്‍, പ്രാര്‍ത്ഥിക്കുക എന്നുപറയുമ്പോള്‍ ആ പ്രാര്‍ത്ഥന “കേള്‍ക്കുന്നത്” നമ്മുടെ മനസ്സാണ്. മനസ്സിനെ ആധാരം നമ്മുടെ പ്രജ്ഞ അഥവാ ഈശ്വരന്‍ ആണ്.

“ഞാന്‍ എന്നും ഈശ്വര ഭക്തിയുള്ളവനായിരിക്കണം”, “സത്യമേ പറയൂ, ധര്‍മ്മം മാത്രമേ പ്രവര്‍ത്തിക്കൂ”, “സഹജീവികളോട് കരുണ കാണിക്കും” എന്നൊക്കെ ദിവസേന 3 നേരമോ നിസ്കാരം പോലെ 5 നേരമോ കഴിയുമെങ്കില്‍ എല്ലായ്പ്പോഴുമോ നാം പ്രാര്‍ത്ഥിച്ചാല്‍, ആ പ്രാര്‍ത്ഥനകള്‍ നമ്മുടെ മനസ്സില്‍ പതിയുന്നു. വളരെ ഉറച്ച ഒരു പാറക്കല്ലില്‍ ഒരു പ്രത്യേക ഭാഗത്ത് നിത്യേന ഒരു വര വരച്ചാല്‍, കാലം കഴിയുമ്പോള്‍ അവിടെ മായ്ക്കാന്‍ കഴിയാത്ത ഒരു അടയാളമായി നിലനില്‍ക്കും. അതുപോലെ, ദിവസേന സത്യം, ധര്‍മ്മം, നന്മ എന്നിവയെക്കുറിച്ച് നാം ഈശ്വരനോട് പ്രാര്‍ത്ഥിച്ചാല്‍, സ്വയം ചിന്തിച്ചുറപ്പിച്ചാല്‍, നാം അറിയാതെതന്നെ നമ്മുടെ മനസ്സ്‌ അത് ഉള്‍ക്കൊള്ളുകയും ആ ഗുണഗണങ്ങളെല്ലാം നമ്മുടെ ഓരോ പ്രവര്‍ത്തിയിലും പ്രതിഫലിക്കുകയും ചെയ്യും. മനസ്സാണല്ലോ പ്രവര്‍ത്തികാരകന്‍. അതിനാല്‍ നിത്യവും പ്രാര്‍ത്ഥന ചെയ്ത് നമ്മുടെ മനസ്സിനെ ശ്രേയസ്സിന്റെ പാതയിലേയ്ക്കു ഉയര്‍ത്തിക്കൊണ്ട് വരിക.

എനിക്ക് സ്വത്ത് വേണം, വലിയൊരു വീട് വേണം, തുടങ്ങിയ ആഗ്രഹങ്ങള്‍ മാത്രമാണ് നമ്മുടെ ഈശ്വരപ്രാര്‍ത്ഥനയെങ്കില്‍, നമ്മുടെ മനസ്സും എപ്പോഴും അങ്ങനെ മാത്രമേ ചിന്തിക്കൂ. ആ മനസ്സ് പ്രേയസ്സിന്റെ പാതയില്‍ സഞ്ചരിച്ചു ശാന്തി നഷ്ടപ്പെട്ടു നട്ടംതിരിയുന്നു.

എല്ലാവരും പറയാറുണ്ട്‌, ജീവിതത്തില്‍ കര്‍മ്മഫലം അനുഭവിച്ചേ തീരൂ എന്ന്. അങ്ങനെയാണെങ്കില്‍, അത് അനുഭവിക്കാന്‍ നാം മടി കാണിക്കുന്നതെന്തിന്? കുറെ നാള്‍ നല്ല ഒരു തടവുകാരനെപ്പോലെ സന്തോഷത്തോടെ എല്ലാ ശിക്ഷയും അനുഭവിച്ചാല്‍, ചിലപ്പോള്‍ നേരത്തെ തന്നെ സ്വതന്ത്രമാക്കിയേക്കും, അല്ലേ? അവനവന്റെ യുക്തിയും ബുദ്ധിയും നേരായ മാര്‍ഗ്ഗത്തിലൂടെ, ധര്‍മ്മം മുന്‍നിര്‍ത്തി നന്മക്കായി പ്രയോജനപ്പെടുത്തിയാല്‍, പിന്നെ ഈശ്വരാനുഗ്രഹം ഉണ്ടാകുമല്ലോ. അപ്പോള്‍, നാം ചെയ്യേണ്ടതായ കര്‍മ്മങ്ങള്‍ അര്‍പ്പണബുദ്ധിയോടെ ചെയ്‌താല്‍ മാത്രം മതി, മറ്റൊന്നിനും വേണ്ടി ആഗ്രഹിക്കേണ്ട.

നമ്മുടെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ (ബൈ പാസ്സ്‌) ഈശ്വരനോട് സഹായം ചോദിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? നമ്മുടെ പ്രശ്നങ്ങള്‍ തരണം ചെയ്യാനുള്ള മനശ്ശക്തി തരൂ എന്ന് പ്രര്‍ത്തിക്കുന്നതല്ലേ നല്ലത്? അങ്ങനെയാകുമ്പോള്‍ കര്‍മ്മ ഫലങ്ങള്‍ അനുഭവിച്ചു തീര്‍ക്കാനും, അതെ സമയം ശാന്തി കണ്ടെത്താനും കഴിയും.

ഭക്തന്‍ എന്നാല്‍ യാചകന്‍ എന്നല്ല അര്‍ഥം. “എനിക്ക് പണം തരണേ” “ശത്രുവിനെ നശിപ്പിക്കണേ” എന്നൊക്കെ പ്രാര്‍ത്ഥിക്കുന്നതുപോലെയൊരു നീചപ്രവൃത്തി വേറെയുണ്ടോ? നാം ഓരോരുത്തരും ഈശ്വരചൈതന്യമാണെന്നിരിക്കെ, ഇങ്ങനെ യാചകന്റെ വേഷം കെട്ടേണ്ടതുണ്ടോ? ഞാന്‍ എന്ന ഈശ്വരചൈതന്യത്തില്‍, നന്മയില്‍, ധര്മ്മത്തില്‍, സത്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുള്ളവന്‍ കറകളഞ്ഞ ഭക്തിയൊഴിഞ്ഞു മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

ഈശ്വരന്‍ എന്നാല്‍ മനസ്സിന്റെ വിക്ഷേപങ്ങളൊന്നുമില്ലാത്ത ശാന്തി എന്ന അവസ്ഥ എന്ന് കരുതാം. അല്ലാതെ നാം ചോദിക്കുമ്പോള്‍ ഓരോരോ വസ്തുക്കള്‍ തരുന്ന അദ്ഭുതവിളക്കുള്ള അലാവുദീനോ അക്ഷയപാത്രത്തിനുടമയോ അല്ല ഈശ്വരന്‍. അതിനാല്‍ സര്‍വ്വവ്യാപിയും സര്‍വ്വാധാരവും സര്‍വ്വജ്ഞവുമായ ഈശ്വരനോട് കൈക്കൂലി കൊടുത്ത്, യാചിച്ച്, ഈശ്വരനെ അധിക്ഷേപിക്കരുതേ! അങ്ങനെ ചെയ്യുന്നത് നന്മയിലൂന്നിയ ആത്മവിശ്വാസം (അഹങ്കാരമല്ല) നഷ്ടപ്പെടുത്താനിടവരും.

നേരത്തെ ചര്‍ച്ച ചെയ്തതുപോലെ, മനസ്സ് ഉപാധിയാക്കിയാണ് നാം ഈ ലോകത്തെ അറിയുന്നതും ജീവിക്കുന്നതും. ഇത്തരത്തിലുള്ള മനസ്സിനെ കുറേശ്ശെ വിചാരത്തിലൂടെ, വിചിന്തനത്തിലൂടെ നിയന്ത്രിച്ച്‌, അങ്ങനെ ഇന്ദ്രിയങ്ങളെ വരുതിയിലാക്കി (ഇന്ദ്രിയനിഗ്രഹണം നടത്തി) മനസ്സിനെ അതിജീവിച്ചു ജാഗ്രത് അവസ്ഥയിലും ശാന്തി നേടുക എന്നതാണ് ആത്മസാക്ഷാത്കാരം.

മനസ്സിനെ അന്തസ്സത്തയില്‍ യോജിപ്പിക്കുക, ലയിപ്പിക്കുക എന്നതാണ് യോഗം, അല്ലാതെ ആകാരവടിവിനുവേണ്ടി നടത്തുന്ന കസര്‍ത്തല്ല. യോഗസാധന അനുഷ്ഠിക്കുന്നവര്‍ക്ക് കരഗതമാകുന്ന ഒരവസ്ഥയാണ് അഷ്ടസിദ്ധികള്‍ എന്ന് പറയപ്പെടുന്നു. ചിലരോഗങ്ങള്‍ മാറ്റുന്നതിനോ, കാഠിന്യം കുറയ്ക്കുന്നതിനോ ചില അദ്ഭുതപ്രവര്‍ത്തികള്‍ പ്രദര്‍ശിപ്പിക്കുന്നതിനോ ഒക്കെ ഇത് പ്രയോജനപ്പെടും. എന്നിരുന്നാലും, എപ്പോഴും ശാന്തിയായി ഇരിക്കുക എന്ന അവസ്ഥ – സാക്ഷാത്കാരം – ആവില്ല. ഇത്തരത്തില്‍ സിദ്ധികളില്‍ ഭ്രമിച്ചു അഹങ്കാരം വര്‍ദ്ധിച്ച് ശാന്തിയില്ലാതാവാന്‍ സാധ്യത കൂടുതലാണ്. അതായത് ഒരാളുടെ അത്ഭുതപ്രവര്‍ത്തികള്‍ അല്ല ഈശ്വരസാക്ഷാത്കാരത്തിന്റെ അളവുകോല്‍ എന്ന് മനസ്സിലാക്കുക.

യോഗസാധനകളില്‍ കൂടി മുന്നേറുമ്പോള്‍ പൂരക രേചക കുംഭകങ്ങള്‍ വഴി പ്രാണനും മനസ്സിനും അടക്കം ഉണ്ടാകുന്നു എന്നത്രേ. സാധന ചെയ്യാത്ത അവസരങ്ങളില്‍ മനസ്സ് പല സ്ഥലങ്ങളിലായി പിന്നെയും വ്യാപരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അടിസ്ഥാന തത്ത്വജ്ഞാനത്തോടെ യോഗസാധന നടത്തുമ്പോള്‍ അഹങ്കാരത്തിനും സിദ്ധികള്‍ക്കും പ്രാധാന്യം ഇല്ലാതാകുന്നു. നിത്യമായ ജാഗ്രത്‌ ശാന്തിയിലേക്കുള്ള ഒരു ഉത്തേജകമായി യോഗസാധനകള്‍ വര്‍ത്തിക്കുന്നു.